Thursday, 22 April 2010

ഭൂമിയിലെ നരകങ്ങളായിരുന്നു നാസി കോൺസെന്ട്രേഷൻ ക്യാമ്പുകൾ. പത്തു വർഷത്തിനു ശേഷം 1955-ൽ ഓഷ് വിറ്റ്സിലേയും മദാക്കിലേയും ക്യാമ്പുകളിൽ ചിത്രീകരിച്ച ഡോക്കുമെന്ററിയാണ് ‘നൈറ്റ് ആന്റ് ഫോഗ്’ .
32 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമയെ പ്രശസ്ത ഫ്രെഞ്ച് സംവിധായകനും നിരൂപകനുമായ ഫ്രാങ്കോസ് ത്രൂഫെ വിശെഷിപ്പിച്ചത്' ഇതുവരെയുണ്ടായതിൽ വച്ചേറ്റവും മഹത്തായ സിനിമ” എന്നാണ്.ഗോയയുടെയും കാഫ്കയുടെയും കലാ-സാഹിത്യ രചനകൾക്കൊപ്പമുള്ള ഔന്ന്യത്യമാണ് ഈ സിനിമയ്ക്ക് പല നിരൂപകരും ഫ്രാൻസിൽ സ്ഥാനം നൽകിയത്. ഹ്രിദയം ചുട്ടുപൊള്ളിക്കുന്ന, മനുഷ്യകുലത്തെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന തത്വചിന്താപരമായ ഒരു മഹാകാവ്യമായി നൈറ്റ് ആന്റ് ഫോഗിനെ ലോകം മുഴുവനും സിനിമാസ്വാദകർ വിലയിരുത്തുന്നു.
ഇത്തരമൊരു സിനിമാ പ്രൊജെക്റ്റുമായി തന്നെ സമീപിച്ച നിർമ്മാതാക്കളെ അലെൻ റെനെ ആദ്യം പറഞ്ഞുവിട്ടു.നേരിട്ട് അനുഭവിച്ച ഒരാൾക്ക് മത്രമേ ഇത്തരം ഒരു സിനിമ ഒരുക്കാനുള്ള അവകാശവും സത്യസന്ധതയും ഉള്ളു എന്നദ്ദേഹം വിശ്വസിച്ചു. നാസി ക്യാമ്പുകളിലെ മനുഷ്യക്കുരുതിയിൽ നിന്നും രക്ഷപ്പെട്ടു ബാക്കിയായ പ്രശസ്ത കവിയും എഴുത്തുകാരനുമായ ഴാങ് കൈറോളും ,സംഗീത പ്രതിഭ ഹാൻസ് ഐസറും സഹകരിക്കാമെന്ന് ഏറ്റപ്പോഴാണ് റെനെ സിനിമ സംവിധാനം ചെയ്യാൻ സമ്മതിച്ചത്. അനുഭവത്തിന്റെ തീച്ചൂട് വിതറുന്ന വരികൾ തിരക്കഥയായി കൈറോൾ രചിച്ചു. ഹാ‍ൻസ് ഐസെർ രോഷവും ദൈന്യവും നിറഞ്ഞ സംഗീതം പകർന്നു.
അക്കാലം വരെ ഉണ്ടായിരുന്ന ഡോക്കുമെന്ററി സിനിമാ രീതികളിൽനിന്നും വ്യത്യസ്ഥമായ ഒരു പുത്തൻ അവതരണ രീതിയാണ് അലെൻ റെനെ ഈ സിനിമയിൽ ഉപയോഗിക്കുന്നത്.(ഈ ശൈലി -പിന്നീട് പല സിനിമകൾ ഉപയോഗിച്ചിട്ടുണ്ട്). ഓർമകളും കാലഘട്ടവും മുന്നോട്ടും പിറകോട്ടും പായുന്ന രീതി.കളറും ബ്ലാക്ക് അന്റ് വൈറ്റും മാറി മാറിഉപയോഗിക്കുന്നതും അന്ന് പുതുമയായിരുന്നു.
ഒരു മ്യൂസിയത്തിലോ മ്രിഗശാലയിലോ കൂടുകൾക്കരികിലൂടെ നമ്മെ നടത്തിക്കൊണ്ട് പോയി ഓരോന്നും വിശദീകരിക്കുന്ന ഗൈഡിന്റെ ശൈലിയിൽ നിന്നും പതുക്കെ ഒരു വിചാരണക്കാരന്റെ സ്വരത്തിലേക്ക് നരേഷൻ മാറുന്നു.”ഇതിനെല്ലം ഉത്തരവാദി ആരാണ്” എന്ന പൊള്ളുന്ന ചോദ്യത്തിലേക്ക് സിനിമ വികസിക്കുന്നു.
പുറമെ ശാന്തവും സുന്ദരവും ആളൊഴിഞ്ഞതുമായ ഉപേക്ഷിക്കപെട്ട കോൺസെന്റ്ട്രേഷൻ ക്യാമ്പുകളുടെ തരിശു നിലങ്ങളിലൂടെയുള്ള ക്യാമറയുടെ ചലനത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.പുറത്ത് ലോകം ഒന്നും സംഭവിക്കാത്തതുപോലെ സജീവമാണ്.എത്ര വേഗമാണ് നാം എല്ലം മറക്കുന്നത്.ഇപ്പോൾ രക്തം വറ്റിയ-ശബ്ദം നിലച്ച ഈ ബ്ലോക്കുകളിലെ സന്ദർശകർ ക്യാമറകൾമാത്രം. കാറ്റു പോലും മൂളാൻ ഭയക്കുന്ന ഈ കമ്പിവേലി വളപ്പിനകത്ത് നമ്മുടെ കാലടി ശബ്ദം മാത്രം.

വർണ ദ്രിശ്യങ്ങൾ പെട്ടന്നാണ് നാസിപ്പടയുടെ മാർച്ചിന്റെ ബ്ലാക് & വൈറ്റ് ഫൂട്ടേജുകളിലേക്ക് മറിയുന്നത്.ഹിറ്റ്ലറുടെ അഭിവാദനം -നാസിസത്തിന്റെ വികാസം - കോൻസെന്ട്രേഷൻ ക്യാമ്പുകളുടെ നിർമ്മാണം. ബ്രസ്സത്സ്സിലും, ആതൻസിലും ,റോമിലും ,പ്രാഗിലും,വാർസയിലും ഉൾല പാവങ്ങൾ അവരവരുടെ ദൈനം ദിന ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ -ദൂരെ പലയിടങ്ങളിലുമായി അവർക്കായി നരകങ്ങൾ പണിതൊരുങ്ങികൊണ്ടിരിക്കുകയായിരുന്നു.അവിടെ നിന്നൊക്കെ ലക്ഷക്കണക്കിന് ആൾക്കാരെ വാഗണുകളിൽ ആട്ടിത്തെളിച്ച് കൊണ്ടു വരുന്നതിന്റെ പഴയ ഫൂട്ടേജുകൾ-.. വാതിലുകൾ വലിച്ചടച്ച് സീൽ ചെയ്യുന്നു. കുത്തിനിറച്ച വാഗണുകളിലെ ഇരുളിൽ രാത്രിയില്ല പകലില്ല’.വിശപ്പും ദാഹവും ,തണുപ്പും, വിങ്ങലും,ഭ്രാന്തും മാത്രം...
ട്രൈനുകൾ നീങ്ങിപ്പോകുന്ന ഈ ദ്രിശ്യത്തിന് - നറേറ്റർ പറയുന്ന കമന്റ് സിനിമാ ഭാഷയിലാണ് “മരണം ഫസ്റ്റ് കട്ട് പറഞ്ഞിരിക്കുന്നു“.അടുത്ത ദ്രിശ്യം പാതി രാത്രിയിൽ ഏതോ ക്യാമ്പിനരികിൽ വന്നു നിൽക്കുന്ന ട്രൈനാണ്. ഇരുട്ടും മഞ്ഞും നിറഞ്ഞ രാത്രിയിൽ കാവൽ നിൽക്കുന്ന നാസി പട്ടാളക്കാർക്ക് മുന്നിലേക്ക്.
പെട്ടന്ന് ബ്ലാക്ക്&വൈറ്റ് ദ്രിശ്യങ്ങൾ കളറിലേക്ക്.. പാഴ്പുല്ലു വളർന്ന പാളങ്ങളിലൂടെ ക്യാമറ പതുക്കെ ചലിക്കുന്നു. ഈ പാളത്തിനരികിൽ നാം എന്താണ് അന്വേഷിക്കുന്നത്? വാതിൽ തുറന്നപ്പോൾ പുറത്തേക്ക് തെറിച്ചു വീണവരുടെ അവശിഷ്ടങ്ങൾ..? കുരച്ചടുക്കുന്ന നയ്ക്കൾക്കും മഞ്ഞളിപ്പിക്കുന്ന സെർച്ച് ലൈറ്റുകൾക്കും ഇടയിലൂടെ തോക്ക്ചൂണ്ടി ക്യാമ്പിലേക്ക് ഓടിച്ചുകയറ്റിയവരുടെ ഘനീഭവിച്ച നിലവിളിൾ..?ദൂരെ ക്യാമ്പിനുള്ളിലെ പട്ടടയിൽ തീ നാളങ്ങൾ അപ്പഴും ന്രുത്തം ചെയ്യുന്നുണ്ടായിരുന്നു.
ക്യാമ്പിനുള്ളിലെത്തുമ്പോഴുള്ള ആദ്യ കാഴ്ച നൽകുന്ന അമ്പരപ്പും ഭയവും പകച്ച്പോയ കണ്ണുകളുടെ സമീപദ്രിശ്യം കൊണ്ട് നമ്മെ അനുഭവിപ്പിക്കുന്നു. ക്യാമ്പിനകം മറ്റേതോ ഗ്രഹം പോലെയാണ്. നഗ്നരായി പുഴുക്കളെപ്പോലെ ജനക്കൂട്ടം. ഒന്നം മുറി “കുളിമുറി” എന്നെഴുതിവെച്ചിട്ടുണ്ട്. വ്രുത്തിയാക്കാൻ എന്ന വ്യാജേന എല്ല അഭിമാനങ്ങളേയും ഒറ്റയടിക്ക് ഉടുതുണിയുരിച്ച് അഴിച്ചു മാറ്റുന്നു. പിന്നീട് മൊട്ടയടിച്ച് , ചാപ്പ കുത്തി , നീല വരയൻ ഉടുപ്പണിയിച്ച് നമ്പറുകളായി മാറ്റുന്നു..ഇവരെ ഭരിക്കാൻ പലതരത്തിലുള്ള ഉദ്യോഗസ്ഥന്മാർ നിരവധി.
ക്യാമ്പിന്റെ ഇപ്പോഴുള്ള അവശിഷ്ടങ്ങളിലൂടെ ക്യാമറ കാഴ്ച്ചകൾ കണ്ട് നടന്ന് നീങ്ങുന്നു. അന്തേവാസികൾ കൊടും തണുപ്പിൽ ജീവിച്ചു തീർത്ത മരത്തിന്റെ ബാരക്കുകൾ, നറേറ്റർ ഒരു ഘട്ടത്തിൽ പറയുന്നുണ്ട് -”ഒരു വിവരണത്തിനും, ഒരു ദ്രിശ്യത്തിനും അവരുടെ യഥാർത്ഥ ദുരിതം പകർത്തിക്കാണിക്കാനാവില്ല” എന്ന്.
ഒരു കയിൽ സൂപ്പിൽ ഒതുക്കേണ്ട അനന്തമായ വിശപ്പ്.. എന്നിട്ടും രാത്രിയിൽ എട്ടും പത്തും തവണ വന്നിരിക്കുന്ന കക്കൂസ് കുഴികൾ. വയറിൽ നിന്നും പോകുന്ന രക്തം മരണത്തിന്റെ അടയാളമാണെന്നവർക്കറിയാം. ക്യാമ്പിൽ പേരിന് ആസുപത്രിയുണ്ട്. എല്ലാ രോഗത്തിനും ഒരേ മരുന്ന്.. വിശപ്പ് സഹിക്കാനാകാതെ മുറിവ് വച്ചുകെട്ടിയ ബാൻഡേജുകൾ തിന്നുന്നവർ.. മരിക്കാൻ കൊതിച്ച് കാത്തു കിടക്കുന്നവർ.. തുറിച്ച കന്നുകളുമായി അവർ ലോകം വിടുന്നു. സർജറി ബ്ലോക്കിൽ പച്ച മനുഷ്യനിൽ പരീക്ഷണങ്ങൾ..രാസവ്യവസായശാലകളുടെ സാമ്പിളുകളുടെ വിഷരൂക്ഷത പരീക്ഷിക്കാൻ മനുഷ്യ ഗിനിപ്പന്നികൾ.
ഗ്യാസ് ചേമ്പറുകൾ - ഷവറുകളിലൂടെ അടച്ചുപൂട്ടിയ മുറികളിലേക്ക് വിഷ വാതകം പമ്പു ചെയ്യുന്നു. മരണ വെപ്രാളത്തിൽ നൂറുകണക്കിനു ആൾക്കാർ കോങ്ക്രീറ്റ് സീലിങ്ങുകൾ മാന്തിപ്പൊളിച്ച അടയാളങ്ങൾ
സ്ത്രീകളുടെ ഷേവ് ചെയ്ത് മറ്റിയ മുടി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു.അവകൊണ്ട് നിർമ്മിച്ച കമ്പിളിത്തുണിത്തരങ്ങൾ റോളുകളായി അടുക്കിവച്ചിരിക്കുന്നു. മനുഷ്യന്റെ കൊഴുപ്പ് കൊണ്ട് നിർമിച്ച സോപ്പുകൾ, ഫർണസ്സുകളിലെ മനുഷ്യന്റെ എല്ലുപൊടി വളമായുപയോഗിക്കുന്ന കാബേജു തോട്ടങ്ങൾ.മനുഷ്യന്റെ തുകലിൽ ചിത്രപ്പണി ചെയ്ത കൌതുക വസ്തുക്കൾ...മനുഷ്യന്രുശംസത ഇത്രത്തോളമോ എന്ന് നാം അമ്പരക്കും.
ബോറടി മാറാൻ തടവുകാരെ വെടിവെച്ചിട്ടു കൊന്നു രസിക്കുന്ന കാവൽ പട്ടാളത്തേക്കുറിച്ചുള്ള പ്രസ്താവനയിൽ നാം സ്തംഭിച്ചു പോകുന്നു.
അവസാനം തോൽവിയാൽ നാസികൾ ഉപേക്ഷിച്ചുപോയ ക്യാമ്പുകളിൽ സഖ്യസേന കണ്ട ദ്രിശ്യങ്ങൾ... അവ ഭൂമിയിൽ ചിത്രീകരിക്കപ്പെട്ടതിൽ ഏറ്റവും ദൈന്യമായ ചിത്രങ്ങൾതന്നെ..ബുൾഡോസറുകൾ കൊണ്ട് ഉന്തി നീക്കി കുഴിയിലിട്ടുമൂടുന്ന ആയിരക്കണക്കിന് മനുഷ്യ ശരീരങ്ങൾ.

ഹ്രിദയത്തിലേക്ക് ചാട്ടുളി പോലെ തറച്ചു കയറുന്നതാണ് മൈക്കേൽ ബൊക്കേയുടെ നറേഷൻ. ചടുലമല്ലത്ത ട്രോളി ചലനങ്ങളാണ് ക്യാമറ പൂർണ്ണമായും ഉപയോഗിക്കുന്നത്,ദൈന്യവും രോഷവും ഭയവും നിറഞ്ഞ സിനിമയുടെ ഭാവം ഈ ചലനത്തിലൂടെ ക്യാമറ സംവേദനം ചെയ്യുന്നുണ്ട്. കാലത്തിലൂടെ മുന്നോട്ടും പിറകോട്ടും സഞ്ചരിക്കുന്ന രീതി അലെൻ റെനെ ഈ സിനിമയിലെന്ന പോലെ തന്റെ മാസ്റ്റെർപീസായ “ഹിരോഷിമ മോൺ അമർ“ എന്ന സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.
സിനിമയുടെ അവസാനത്തിൽ നുക്സംബെർഗ് വിചാരണയിൽ ഒരോരുത്തരും “ഞങ്ങളല്ല ഉത്തരവാദിയെന്നു” പറയുന്നുണ്ട്. അലെൻ റെനെ ചോദിക്കുന്നു “പിന്നെ ആരാണു ഉത്തരവാദി”
തൊണ്ണൂറു ലക്ഷം മനുഷ്യരുടെ കുരുതി കഴിഞ്ഞിട്ട് നാമെത്ര വേഗമാണ് എല്ലാം മറക്കുന്നത്. ഇപ്പോഴും സമാനമായ മനുഷ്യക്കുരുതികൾക്കായ് നിലമൊരുക്കൽ പലയിടങ്ങളിലും നടക്കുന്നുണ്ടെന്ന ജാഗ്രതാ മുന്നറിയിപ്പോടെയാണ് “നൈറ്റ് ആന്റ് ഫോഗ് “ അവസാനിക്കുന്നത്.
2006/ചൈന/കളര്‍/92 മിനിറ്റ്/സംവിധാനം; ഷാങ് യുവാന്‍
നാലുവയസ്സ് മാത്രം പ്രായമായ ഫങ് ക്വിയാംക്യാങിനെ അവന്റെ അച്ഛന്‍ കൈ പിടിച്ച് നടത്തിക്കൊണ്ടുവരുന്നിടത്താണ് “ലിറ്റില്‍ റെഡ് ഫ്ലവേര്‍സ്” എന്ന ചൈനീസ് സിനിമ ആരംഭിക്കുന്നത്.മധ്യവര്‍ഗ്ഗകുട്ടികള്‍ താമസിച്ച്പഠിക്കുന്ന പാരമ്പര്യവും ആഡ്ഡ്യത്യവുമുള്ള ഒരു റസിഡന്‍ഷ്യല്‍ കിന്റെര്‍ ഗാര്‍ട്ടണില്‍ അവനെ ചേര്‍ക്കാനാണ് അച്ഛന്‍ കൊണ്ടുവരുന്നത്.1950ലെ വിപ്ലവാനന്തര ബീജിംങാണു സ്ഥലം.മഞ്ഞുപുതഞ്ഞ വഴികളിലൂടെ നടന്നുവരുന്ന അവര്‍-വലിയ കല്‍‌പ്പടവുകളിലെത്തിയപ്പോള്‍ കുഞ്ഞ് ക്വിയാങിനെ എടുത്തുനടക്കുകയാണ് അച്ഛന്‍.അവന്‍ പ്രതിഷേധിക്കുന്നുണ്ട്.അച്ഛന്‍ അവനെ അവിടെ ചേര്‍ത്ത്(ഉപേക്ഷിച്ച്..)പോയതോടെ പുതിയ ലോകവുമായി ഇണങ്ങാനും ഒത്തുപോകാനും ക്വിയാങ് നടത്തുന്ന ശ്രമങ്ങളാണ് മനോഹരമായ ഈ സിനിമ.
പ്രശസ്ത ചൈനീസ് എഴുത്തുകാരനായ വാംങ് ഷുവോയുടെ ആത്മകഥാപരമായ ‘മനോഹരമാകാമായിരുന്നു’ എന്ന നോവലിനെ അവലംബിച്ച് 2006ല്‍ പുറത്തിറങ്ങിയ 92 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ പൂര്‍ണ്ണമായും ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കുറേയേറെ ചിട്ടവട്ടങ്ങളുള്ള സ്കൂളാണത്.കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും,സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കാനും ടീച്ചര്‍മാര്‍ ശ്രമിക്കുന്നുണ്ട്.പഴയ കോട്ടപോലെതോന്നിക്കുന്ന ആ കെട്ടിടത്തില്‍ അച്ചടക്കത്തിനും അനുസരണക്കും വലിയ പ്രാധാന്യമാണ്.അത്തരത്തിലുള്ള കുട്ടികളെ പ്രചോദിപ്പിക്കാനായി ഒരോ ദിവസവും അവരുടെ “നല്ല ശീലങ്ങള്‍” മാര്‍ക്ക് ചെയ്ത് അവര്‍ക്ക് ഒരോ “കുഞ്ഞ് ചുവന്ന വെല്‍ വെറ്റ് പൂക്കള്‍“ സമ്മാനമായി നല്‍കും. അത് ക്ലാസ്സിലെ സ്കോര്‍ബോര്‍ഡില്‍ കുട്ടികളുടെ പേരിനു നേരെ ഒട്ടിച്ചു വെക്കും.സ്കോര്‍ ബോര്‍ഡില്‍ ചുവന്ന പൂക്കള്‍ കൂടുന്നതിനനുസരിച്ച് അവരെ ക്ലാസ്സ് ലീഡറാക്കും.രാവിലെ ക്രിത്യ സമയത്ത് കക്കൂസില്‍ പോവുക, ഉടുപ്പ് സ്വയം ധരിക്കുക,കൂട്ടം തെറ്റാതെ വരിയായി നടക്കുക,കൂട്ടുകാരുമായി അടികൂടാതിരിക്കുക ,തുടങ്ങിയവയൊക്കെയാണ് നല്ല ശീലങ്ങള്‍. ക്വിയാങിന് ഇതൊന്നും അറിയില്ല.അതുകൊണ്ടുതന്നെ അവന് ഒരിക്കലും ചുവന്ന പൂക്കള്‍ സമ്മാനമായി ലഭിക്കുന്നില്ല.രാത്രിയില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി മുറ്റത്തെ പൊടി മഞ്ഞിലേക്ക് മൂത്രമൊഴിക്കുന്നത് അവന്‍ സ്വപ്നം കാണും.രാവിലെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ടീച്ചറില്‍ നിന്നും വഴക്ക് കേള്‍ക്കുകയും ചെയ്യും. ചുവന്ന പൂക്കള്‍ കിട്ടണമെന്ന് ക്വിയാങിന് കൊതിയുണ്ട്..പക്ഷെ അവന് ഒരിക്കലും കിട്ടുന്നില്ല. ഒരിക്കല്‍ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു ചുവന്ന പൂവ് അവനു വീണു കിട്ടി.അത് കൈലോസില്‍ പൊതിഞ്ഞ് സൂക്ഷിച്ച് കൂട്ടുകാരിയെ അവന്‍ കാണിക്കുന്നുണ്ട്..

ഒട്ടും പരിചിതമല്ലാത്ത സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ക്വിയാങിന് ആവുന്നില്ല.മറ്റുകുട്ടികളെക്കാള്‍ വൈകിയാണവന്‍ സ്കൂളില്‍ ചേര്‍ന്നിരിക്കുന്നത്..അനാഥത്വമുണ്ടെങ്കിലും സ്കൂളിലെ ജീവിതം വര്‍ണ്ണാഭവും രസകരവും, സമ്പന്നവുമാണ്.ഡിക്കന്‍സിന്റെ ഒലിവര്‍ ടിസ്റ്റ് അനുഭവിച്ച തരം നരക ഇടമല്ല ആ സ്കൂള്‍.കുട്ടികളെ ‘നല്ലവരായി’വളര്‍ത്താന്‍ ‘ശാസ്ത്രീയമായി’ ഒരുക്കിയ ,ക്രിത്യതയുള്ള ദൈനംദിന ചിട്ടകള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും,നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് കുഞ്ഞായ ക്വിയാങിനു എന്തിനെന്നു മനസ്സിലാകുന്നില്ല.മുതിര്‍ന്നവര്‍ക്ക് (മധ്യവര്‍ഗ്ഗ പ്രേക്ഷകന്)ഒരു കുഴപ്പവും തോന്നാത്ത സന്തോഷകരമായ ഒരിടമാണത്. നല്ല ടീച്ചര്‍മാര്‍,പലതരം കളികള്‍,സമൂഹ ജീവിതത്തിന്റെ പാഠങ്ങള്‍,നല്ല ഡോര്‍മിറ്ററികള്‍,നല്ല ഭക്ഷണശീലങ്ങള്‍...ആകെ നോക്കിയാല്‍ ‘ഇങ്ങനെയായിരിക്കണം ഒരു സ്കൂള്‍’ എന്നു തോന്നിപ്പോകുന്ന ഇടം.പക്ഷെ ക്വിയാങ്ങിന് അവിടം ഇഷ്ടമായില്ല.തിളങ്ങുന്ന കണ്ണുകളും,തൂടുത്ത കവിളുകളുമായി,സ്വന്തം രീതികളില്‍ ജീവിക്കുന്ന അവന് അവിടം തനിക്കു ചേരാത്ത സ്ഥലമായാണു തോന്നിയത്.

പതുക്കെ ക്വിയാങ്ങ് ആ സ്കൂളിലെ റിബല്‍ ആയി മാറുന്നു.അവന്റെ മോശം സ്വാധീനം മറ്റുകുട്ടികളില്‍ ഉണ്ടാകാതിരിക്കാന്‍ അവനെ ടീച്ചര്‍മാര്‍ അവനെ കുട്ടികളുമായി ഇടപെടുന്നത് വിലക്കുന്നു.കൂടുതല്‍ ഒറ്റപ്പെടുന്തോറും അവന്‍ കൂടുതല്‍ അന്തര്‍മുഖനും അക്രമസ്വഭാവമുള്ളവനായും മാറുന്നു.മറ്റുകുട്ടികള്‍ അവനെ കളിക്കാന്‍ കൂടെ കൂട്ടുന്നില്ല.എങ്കിലും പതുക്കെ അവന്റെ ഊര്‍ജ്ജസ്വലതയും ധൈര്യവും കൂട്ടുകാരില്‍ അവനു സ്വാധീനമുണ്ടാക്കുന്നു.നല്ലവരെങ്കിലും അവനിഷ്ടമില്ലാത്ത ലീ എന്ന ടീച്ചര്‍ -‘കുട്ടികളെ പിടിച്ചുതിന്നുന്ന വാലുള്ള ജന്തു’വാണെന്നു ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ അവനു കഴിയുന്നു.ഭയന്ന കുട്ടികളെല്ലാവരും കൂടി രാത്രിയില്‍ അവരെ പിടിച്ചുകെട്ടിയിടാന്‍ തീരുമാനിക്കുന്നു.ഷൂലൈസുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ കയറുമായി ക്വിയാങ്ങിന്റെ നേത്രുത്വത്തില്‍ ഉടുതുണിപോലുമില്ലാത്ത കുട്ടികളുടെ ഗൂഢസംഘം ഇരുട്ടിലൂടെ ഇഴഞ്ഞ് ടീച്ചറുടെ കട്ടിലിനരികിലെത്തുന്നു.ഉണര്‍ന്ന ടീച്ചര്‍ ഭയന്നു നിലവിളിക്കുന്നതോടെ കുട്ടികളെല്ലം പിന്തിരിഞ്ഞോടുന്നു.
തന്നെ മറ്റുള്ളവര്‍ അവഗണിക്കുന്നെന്നും.ഒരിക്കലും തനിക്ക് ചുവന്ന പൂക്കള്‍ സമ്മാനമായി കിട്ടില്ലെന്നും മനസ്സിലാക്കിയ ക്വിയാങ്ങിന്റെ പ്രതിഷേധങ്ങള്‍ പുതിയ മാനങ്ങളിലേക്ക് വികസിക്കുന്നു.അനുസരണക്കേട് അവന്റെ സ്വഭാവമാകുന്നു.അവനെ ഏറെ ഇഷ്ടമുള്ള ടീച്ചറെപ്പോലും അവന്‍ തെറി വിളിക്കുന്നു.ശിക്ഷയായി അവനെ മുറിയില്‍ പൂട്ടിയിടുന്നു.പിന്നീടൊരിക്കല്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി ക്വിയാങ്ങ് ആരും കാണാതെ സ്കൂള്‍ ഗൈറ്റ് കടന്ന് പുറത്തെ സ്വതന്ത്ര ലോകത്തിലേക്കിറങ്ങുന്നു.റോഡിലൂടെ കാഴ്ച്ചകളും ഘോഷയാത്രയും കണ്ട് നടന്ന് തളര്‍ന്ന് ഒരിടത്തിരിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.
സമൂഹത്തിന്റെ ‘അരുതായ്മ’കളും,‘നിയമങ്ങളും’, അടിച്ചേല്‍‌പ്പിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ അതിനോട് എങ്ങിനെ പ്രതികരിക്കുമെന്നും അവയുമായി പൊരുത്തപ്പെടാനാകാത്തവരുടെ അസ്വസ്ഥതകള്‍ എങ്ങിനെയൊക്കെ പ്രകടമാക്കപ്പെടുമെന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.പൊതുചിന്താരീതികളില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും ഇതില്‍ കാണാം.

വളരെ ചെറിയ കുട്ടികളെ മാത്രം ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഈ സിനിമയില്‍ വളരെ സ്വാഭാവികമായാണ് എല്ലാ കുട്ടികളും ‘അഭിനയി’ച്ചിരിക്കുന്നത്.കുഞ്ഞു ക്വിയാങ്ങായി വേഷമിട്ടിരിക്കുന്ന ഡോങ് ബോവല്‍ അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ക്യാമറ പലപ്പോഴും കുട്ടികളുടെ ഐ ലവലിലാണു സ്ഥാപിച്ചിരിക്കുന്നത്.നിഴലും വെളിച്ചവും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം കുഞ്ഞു മനസ്സുകളുടെ വികാരവും,ഊര്‍ജ്ജസ്വലതയും വെളിവാക്കും വിധമാണ് ചേര്‍ത്തിരിക്കുന്നത്.വളരെ ലളിതമായ ഒരു കഥപറച്ചില്‍ രീതിയിലൂടെ വളരെ സങ്കീര്‍ണ്ണമായ വ്യക്തി-സ്വത്വ പ്രതിസന്ധികളെ ചര്‍ച്ചചെയ്യുന്ന ഈ സിനിമ 2006ലെ ബെര്‍ലിന്‍ ഫിലീം ഫെസ്റ്റിവലില്‍ CICAE അവാര്‍ഡും ഷാങ്ഹായ് ഫിലീം ക്രിട്ടിക്ക് അവാര്‍ഡും നേടി.
സ്കൂളില്‍ നിന്നും പുറത്തിറങ്ങി വിജനമായ ഒരിടത്ത് ഒരു കല്ലില്‍ തലവെച്ചുറങ്ങുന്ന ക്വിയാങിന്റെ ഒരു ഏരിയല്‍ ഷോട്ടുണ്ട് അവസാനം.ആ ദ്രിശ്യം ഏകാന്ത ബാല്യങ്ങളുടെ ഓര്‍മ്മകളെ പ്രേക്ഷക മനസ്സിലേക്ക് ഒരു ശീതകാറ്റായി ഇരച്ച് കയറ്റും തീര്‍ച്ച

Followers